പെരുമ്പിലാവ്: മദ്യപിച്ച് ഫിറ്റായി ഉത്സവത്തിന് ആനയുമായെത്തി പാപ്പാന്‍. പൊറവൂര്‍ ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയാണ് പാപ്പാന്‍ ഫിറ്റായി എത്തിയത്. പാമ്പായ പാപ്പാന്‍ കാരണം രാത്രിയിലെ എഴുന്നള്ളിപ്പ് വേണ്ടെന്ന് വെക്കുകയും ചെയ്തു.
പൊറവൂര്‍ ശിവരാത്രി എഴുന്നള്ളിപ്പിനെത്തിയ ആനയുടെ പാപ്പാനാണ് മദ്യലഹരിയില്‍ ആനയ്‌ക്കൊപ്പമെത്തിയത്. കൂടെയുള്ള പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ഒന്നാം പാപ്പാനെ താങ്ങി നടന്നാണ് എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കിയത്.
പാതാക്കര ദേശം ശിവരാത്രി ആഘോഷ കമ്മിറ്റിക്കായി ഗുരുവായൂര്‍ ദേവസ്വം ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ ഉണ്ണികൃഷ്ണനാണ് (മോഹനന്‍) മദ്യപിച്ച് ആനയെ എഴുന്നള്ളിച്ചത്.
കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നുമാണ് എഴുന്നള്ളിപ്പാരംഭിച്ചത്. എഴുന്നള്ളിപ്പ് തുടങ്ങി പാതാക്കര സെന്ററില്‍ എത്തിയതോടെ പാപ്പാന് നില്‍ക്കാനോ നടക്കാനോ വയ്യാത്ത സ്ഥിതിയായി. ശിവക്ഷേത്രത്തിലെത്തിയതോടെ ഒന്നാം പാപ്പാനെ കസേരയിട്ട് ഇരുത്തിയാണ് എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി.
ഇതിനിടെ കമ്മിറ്റിക്കാര്‍ എഴുന്നള്ളിപ്പ് നിര്‍ത്തിവയ്ക്കുന്നതിനെപ്പറ്റിയും ആലോചിച്ചു. സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വത്തില്‍ നിന്ന് കൂടുതല്‍ പാപ്പാന്‍മാരും സ്‌ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.
Discussion about this post