തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്ന മലയാള സിനിമാ താരം മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ പണം എഴുതി തള്ളി സർക്കാർ. മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ മുഴുവൻ തുകയും എഴുതി തള്ളുകയായിരുന്നു. നഷ്ടം അക്കാദമി വഹിക്കണംം.
ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. പ്രതിമ നിർമ്മാണത്തിന് നൽകിയ 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്. സംഗീത നാടക അക്കാദമിയിൽ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ചതിനാൽ ശിൽപിയുമായുളള കരാർ റദ്ദാക്കാനും ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും സർക്കാർ ഉത്തരവിട്ടിരുന്നു. പ്രതിമയ്ക്ക് രൂപംമാറ്റം വരുത്താൻ പലതവണ ശിൽപിക്ക് അവസരം നൽകിയെങ്കിലും അദ്ദേഹത്തിന് പ്രതിമയെ മുരളിയുടെ സാദൃശ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇതേതുടർന്ന് നിർമ്മാണം നിർത്തിവെക്കാൻ അക്കാദമി ആവശ്യപ്പെട്ടു. എന്നാൽ അതിനു മുൻപ് തന്നെ മുഴുവൻ തുകയും ശിൽപി കൈപറ്റിയിരുന്നു.
പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രതിമ നിർമ്മാണത്തിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ശിൽപി അഭ്യാർത്ഥിച്ചിരുത്.
ഇതിനെതുടർന്ന് ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളിക്കൊണ്ടുള്ള ഉത്തരവിറക്കണമെന്ന അപേക്ഷ സർക്കാരിനു കൈമാറുകയുമായിരുന്നു. ഒടുവിൽ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളിയിരിക്കുകയാണ്.
Discussion about this post