തൃശ്ശൂർ: തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിച്ച കേസിൽ വഴിത്തിരിവ്. ഡ്രൈവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മർദ്ദനത്തിന്റെ കാരണവും പുറത്ത് വന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കുട്ടിയുടെ പിതാവാണ് ലോറി ഡ്രൈവറെ വലിച്ചിട്ട് അടിച്ചത്. സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കുട്ടിയുടെ പിതാവ് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്ത് വന്നത്. ഡിസംബർ 4ന് ഒല്ലൂരിലെ പെട്രോൾ പമ്പിനടുത്തു വച്ചാണ് കുട്ടിയെ ലോറി ഡ്രൈവർ ഉപദ്രവിച്ചത്. കുട്ടി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളഞ്ഞു.
പിന്നീട് ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛൻ അന്വേഷിച്ചെത്തി ചോദ്യം ചെയ്തു. എന്നാൽ, ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്തതിന് ലോറി ഡ്രൈവറെ മർദിച്ചെന്ന രീതിയിലായിരുന്നു പ്രചാരണം നടത്തിയത്. ലോറി ഡ്രൈവറുടെ പരാതിയിൽ കുട്ടിയുടെ പിതാവിനെതിരെ ചേർപ്പ് സ്റ്റേഷനിൽ കേസെടുത്തേക്കും.