കൊല്ലം: തെങ്കാശിയില്‍ വെച്ച് കൊല്ലം സ്വദേശിയായ റെയില്‍വേ ജീവനക്കാരിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമണത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി പാവൂര്‍ ഛത്രം പൊലീസ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അക്രമിയുടെ കൈയ്യില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറയുകയാണ് പീഡനശ്രമത്തിന് ഇരയായ യുവതി. മരിച്ചുപോകുമെന്നുവരെ അപ്പോള്‍ തോന്നിയിരുന്നുവെന്നും തന്നെ കൊല്ലാന്‍ തന്നെയായിരുന്നു അയാളുടെ പദ്ധതിയെന്നും യുവതി പറയുന്നു.
രാത്രി എട്ടേമുക്കാലോടെ ഗേറ്റ് കീപ്പറുടെ മുറിയിലേക്ക് അതിക്രമിച്ച് കടന്ന അക്രമി തന്നെ നിലത്ത് തള്ളിയിട്ട ശേഷം ചവിട്ടുകയും അടിക്കുകയും ചെയ്തു. പണവും സ്വര്‍ണ്ണവും അയാള്‍ക്ക് താന്‍ നല്‍കിയിട്ടും അതൊന്നും വേണ്ടായിരുന്നുവെന്നും അയാള്‍ക്ക് തന്നെ പീഡിപ്പിക്കുകയാണ് വേണ്ടതെന്ന് പറയുകയും ചെയ്തുവെന്ന് യുവതി പറയുന്നു.
also read: മൂന്നര മാസം മുൻപ് ദുബായിൽ നിന്നും കാണാതായി; കൊയിലാണ്ടി സ്വദേശി അമലിനെ കണ്ടെത്തിയത് മരിച്ചനിലയിൽ
എങ്ങനെയോ കഷ്ടപ്പെട്ടാണ് താന്‍ ആ മുറിയില്‍ നിന്നും രക്ഷപ്പെട്ടത്. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അയാള്‍ ഓടി രക്ഷപ്പെട്ടിരുന്നുവെന്നും ഈ പരിസരത്ത് ക്യാമറ ഇല്ലെന്നൊക്കെ അറിയാവുന്ന ആരോ ആണ് അക്രമിയെന്നും ഇവിടെ വെച്ച് കൊന്നാല്‍ പോലും ആരും അറിയില്ലെന്ന് അയാള്‍ പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഹൈവേയുടെ അടുത്തുള്ള സ്ഥലത്ത് വെച്ച് ഇങ്ങനെ ഒരു ആക്രമണം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആഗ്രഹിച്ച് കിട്ടിയ ജോലിയായിരുന്നുവെന്നും എന്നാല്‍ താന്‍ ഇനി പോകാന്‍ തയ്യാറല്ലെന്നും യുവതി പറഞ്ഞു. കേസില്‍ റെയില്‍വേ ഡിഎസ്പി പൊന്നുസാമിയുടെ നേതൃത്വത്തില്‍ 20 പേര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. . ചെരുപ്പില്‍ പെയിന്റിന്റെ അംശം കണ്ടെത്തിയതാണ് പ്രതി പെയിന്റിംഗ് തൊഴിലാളിയെന്ന സംശയം ഉയരാന്‍ കാരണം. പ്രദേശത്തെ പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. നിരവധി പേരെ പൊലീസ് ഇതിനോടകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.