ദുബായ്: ദുബായിൽ വെച്ച് മൂന്നര മാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശ് (29) ആണ് മരിച്ചത്.
അമൽ സതീശിനെ ദുബായിലെ താമസിക്കുന്ന മുറിയിൽ നിന്നും കഴിഞ്ഞ ഒക്ടോബർ 20 മുതലാണ് കാണാതായത്. മുറിയിൽനിന്ന് വൈകീട്ട് പുറത്തു പോയ അമൽ പിന്നീട് തിരികെ വന്നിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പരാതിയിൽ ദുബായ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ എട്ട് മാസങ്ങൾക്ക് മുൻപാണ് അമൽ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്.
പിന്നീട് റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയിൽ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്. കാണാതായ ഉടൻ സാമൂഹിക പ്രവർത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊർജ്ജിതമായി അന്വേഷണം നടത്തിയിരുന്നു.
കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്ന. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം തിരികെപോയത്.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Discussion about this post