വീൽ ചെയറിൽ ആഘോഷങ്ങൾക്ക് ഇനി പ്രണവില്ല, ഷഹാനയെ തനിച്ചാക്കി പ്രണവിന് അവസാന യാത്ര; കണ്ണീരോടെ വിടചൊല്ലി നാട്

തൃശൂർ: സോഷ്യൽമീഡിയയിലടക്കം വൈറലായ ഷഹാന-പ്രണവ് പ്രണയത്തിന് അകാലത്തിൽ അന്ത്യം. പ്രണവിന്റെ ആകസ്മികമായ മരണത്തോടെ ഷഹാന തനിച്ചായി. ഒടുവിൽ നാടിനേയും തന്റെ പ്രിയതമ ഷഹാനയേയും വിട്ടുപിരിയുന്ന പ്രണവിന്റെ അവസാന യാത്ര കണ്ണീരിൽ മുങ്ങിയായിരുന്നു.

ഇന്നു രാവിലെ 11 മണിക്കായിരുന്നു സംസ്‌കാര ചടങ്ങുകൾ. നാടാകെ ചടങ്ങിനെത്തിയിരുന്നു. ഷഹാനയുടെ അലമുറയിട്ടുള്ള കരച്ചിൽ കൂടി നിന്നവരുടെയും ഹൃദയം തകർത്തു. സമാധാനിപ്പിക്കാനാകാതെ ചുറ്റും കൂടിയവരും തേങ്ങി.

വീൽ ചെയറിലായിരുന്നിട്ടും സുഹൃത്തുക്കൾക്കൊപ്പം പെരുന്നാളും ഉത്സവവും ആഘോഷിക്കാൻ പ്രണവ് മുന്നിലെത്തുമായിരുന്നു. ഇനി ആഘോഷങ്ങൾക്ക് പ്രണവില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കൂട്ടുകാർക്കും സാധിക്കുന്നില്ല. മന്ത്രി ആർ ബിന്ദുവും കണ്ണികരയിലെ പ്രണവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രക്തം ഛർദിച്ചതിനെത്തുടർന്നാണ് പ്രണവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. എന്നാൽ, അവിടെത്തും മുൻപു മരണം സംഭവിക്കുകയായിരുന്നു.

also read- ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

31കാരനായ പ്രണവ് എട്ട് വർഷം മുൻപാണ് ജീവിതം മാറ്റിമറിച്ച അപകടത്തിൽപ്പെട്ടത്. ശരീരം തളർന്ന പ്രണവ് വീൽചെയറിലായിരുന്നു പിന്നീടങ്ങോട്ട് ജിവിച്ചത്. ബികോം വിദ്യാർഥിയായിരിക്കെയാണ് കുതിരത്തടം പൂന്തോപ്പിലുണ്ടായ ബൈക്ക് അപകടത്തിൽ പ്രണവിന് കഴുത്തിന് താഴെ സ്വാധീനം നഷ്ടപ്പെട്ടത്. താഴെക്കാട് മണപറമ്പിൽ സുരേഷ്ബാബുവിന്റെ മകനാണ് പ്രണവ്.

ജീവിതം വീൽചെയറിലായെങ്കിലും നിരാശയിലാകാൻ പ്രണവ് കൂട്ടാക്കിയില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും സുഹൃത്തുക്കൾക്കൊപ്പം വീൽചെയറിൽ എത്തി നിറസാന്നിധ്യമായി.

വീൽചെയറിലിരുന്ന് കൂടൽമാണിക്യം ഉത്സവത്തിലെ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോ വൈറലായതോടെയാണ് തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ഷഹാന പ്രണവിനെ പരിചയപ്പെട്ടത്. അമ്മ സുനിത പ്രണവിന് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹാനയെ ആകർഷിച്ചിരുന്നു.

പിന്നീട് സ്വമേധയാ പ്രണവിന്റെ ഭാര്യയാകാൻ ഷഹാന ഇറങ്ങി തിരിക്കുകയായിരുന്നു. വീട്ടുകാരുടെ കടുത്ത എതിർപ്പിനെ വകവെയ്ക്കാതെയാണ് തിരുവനന്തപുരത്തുനിന്ന് താഴെക്കാട്ടെത്തിയ ഷഹാന 2020 മാർച്ച് 3നു പ്രണവിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുൻപ് പ്രണവ് ഷഹയെ പ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

വിവാഹത്തിന് ശേഷം പ്രണവിന് കൂട്ടായി ഷഹാന നിഴലായി കൂടെയുണ്ടായിരുന്നു. ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങി. കഴിഞ്ഞ 30ന് പ്രണവിന്റെ ജന്മദിനവും ഗംഭീരമായി ആഘോഷിച്ചിരുന്നു.

Exit mobile version