പെരുമ്പട്ട: താലപ്പൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായി എത്തിയ തെയ്യത്തെ വരവേറ്റ് വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമം. മതത്തിന്റെ അതിർവരമ്പുകളില്ലാതെയാണ് ക്ഷേത്ര കളിയാട്ടം ഇവിടെ കെങ്കേമമായി ആഘോഷിക്കുന്നത്. വെള്ളിയാഴ്ച കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യത്തിന്റെ മസ്ജിദ് സന്ദർശനം കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്.
കളിയാട്ടത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച താലപ്പൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായാണ് തെയ്യം മസ്ജിദിലെത്തിയത്. പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി, എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. ലത്തീഫ് എന്നിവർ ചേർന്ന് തെയ്യത്തെ സ്വീകരിച്ചു.
മസ്ജിദ് ഭാരവാഹികൾ കാണിക്ക അർപ്പിച്ചു. തെയ്യം ഇളനീർ നൽകി. അസർ നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കുശേഷമാണ് തെയ്യം പള്ളിയങ്കണത്തിൽ നിന്ന് ഇറങ്ങിയത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പള്ളിവക ഭക്ഷണസാധനങ്ങളാണ് എത്തിച്ചു നൽകിയത്. വിഷ്ണുമൂർത്തി തെയ്യത്തിന്റെ ജുമാമസ്ജിദ് സന്ദർശനം കാണാനെത്തിയവർക്ക് പള്ളിക്കമ്മിറ്റിയും പെരുമ്പട്ട ഗ്രീൻസ്റ്റാർ ക്ലബും ചേർന്ന് മധുരപാനീയം നൽകി.
Discussion about this post