തൃശൂര്‍: ക്ഷേത്രത്തിലേക്ക് റോബോര്‍ട്ട് ആനയെ സംഭാവന നല്‍കി ഒരു കൂട്ടം ഭക്തര്‍. ഇരിഞ്ഞാടപ്പിള്ളി ശ്രി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് റോബോര്‍ട്ട് ആനയെ സംഭാവനയായി ലഭിച്ചത്. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത റോബോര്‍ട്ട് ആനയെ ക്ഷേത്രത്തില്‍ നടയിരുത്തും.
റോബോര്‍ട്ട് ആനയുടെ ഉയരം പത്തര അടിയാണ്. എണ്ണൂറ് കിലോയാണ് ഭാരം. ഈ ആനയ്ക്ക് നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്. ഫെബ്രുവരി 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടയിരുത്തുന്നത്.
ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്. രണ്ട് മാസമാണ് ഇതിന്റെ നിര്‍മാണത്തിനായി എടുത്തിരിക്കുന്ന സമയം. ഇരുമ്പുകൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.
ഏകദേശം അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് റോബോര്‍ട്ട് ആനയെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ആനയുടെ തുമ്പിക്കൈ പാപ്പാന് നിയന്ത്രിക്കാന്‍ കഴിയും. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റും.
ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ഹി ആര്‍ട്ട്‌സിലെ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനെ നിര്‍മ്മിച്ചിരിക്കുന്നത്.നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ട് ഗജവീരന്മാരെ ഇവര്‍ ഒരുക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത്. നടയിരുത്തല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
Discussion about this post