കൈക്കൂലിയും അഴിമതിയും കണ്ടെത്താൻ ബിവറേജസ് ഔട്ട് ലെറ്റുകളിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഞെട്ടി. കണ്ണൂർ ജില്ലയിലെ ചില ബെവ്കോ ഔട്ട്ലെറ്റുകളിൽ പരിശോധന നടത്തിയ വിജിലൻസിന് ലഭിച്ചത് മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകളാണ്.
ജീവനക്കാരുടെ ബാഗുകൾ പരിശോധിട്ടച്ചപ്പോഴാണ് മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകൾ കണ്ടെത്തിയത്. ഒരു സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും സമാനമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ.
മറ്റ് സർക്കാർ വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മോശമല്ലാത്ത വരുമാനമുണ്ടെങ്കിലും ബിവറേജസ് കോർപറേഷൻ ജീവനക്കാർ കടുത്ത മാനസികസമ്മർദ്ദത്തിന് അടിപ്പെടുന്നുവെന്ന വിവരമാണ് വിജിലൻസ് സംഘത്തിന് ലഭിച്ചത്. രാവിലെ 9.30 മുതൽ രാത്രി 9 വരെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് മാനസിക സംഘർഷം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ തോത് ഭയാനകമാണെന്നാണ് കണ്ടെത്തൽ.
സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ തൊഴിലാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ച് സമ്മർദം കുറക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ കോർപറേഷൻ മുൻകൈയെടുത്തു. ഇതിന് മുൻപൊന്നും ഇത്തരമൊരു സംഗമം കോർപറേഷന്റെ നേതൃത്വത്തിൽ നടന്നിരുന്നില്ല. പ്രശ്‌നത്തിന് ഇത് പരിഹാരമാകില്ലെങ്കിലും കോർപറേഷൻ അനുഭാവപൂർവം വിഷയം പരിഗണിക്കുന്നുവെന്ന പ്രതീതിയുളവാക്കാൻ കുടുംബസംഗമത്തിന് സാധിച്ചുവെന്ന് തൊഴിലാളികൾ പ്രതികരിച്ചു.