മലപ്പുറം: അയല്‍വാസിയായ 17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ യുവാവിന് എട്ടിന്റെപണി കൊടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)നാണ് മജിസ്‌ട്രേറ്റ് എംഎ അഷ്‌റഫ് 30250 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
2022 നവംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ് ഐയായിരുന്ന ടി കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരന്‍ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ സിവില്‍ പോലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലെത്തിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ പൂശാലിയാണ് കേസ് അന്വേഷിച്ചത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പതിനേഴുകാരന് പൊതുറോഡില്‍ ഓടിക്കുന്നതിന് സ്‌കൂട്ടര്‍ നല്‍കിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ നല്‍കിയിരുന്നു.
കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്‌മാന്‍ (33)നെയാണ് മജിസ്ട്രേറ്റ് എഎ അഷ്റഫ് ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ 19നാണ് ഇയാള്‍ പിതൃസഹോദര പുത്രനായ 17കാരന് സ്‌കൂട്ടര്‍ നല്‍കിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്‌ഐ സികെ നൗഷാദ് പിടികൂടി.
പരിശോധനയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും കണ്ടെത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്‌മാന്‍ 25,000 രൂപ കോടതിയില്‍ അടക്കുകയായിരുന്നു.