തിരുവനന്തപുരം: പിതാവിന്റെ ചികിത്സയ്ക്കായി തന്റെ പ്രിയപ്പെട്ട ആടിനെ വില്‍ക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരു ആടിനെ സമ്മാനിച്ചവരെ അഭിനന്ദിച്ച് മന്ത്രി വി ശിവന് കുട്ടി. അസ്ന എന്ന വിദ്യാര്‍ത്ഥിക്കാണ് സഹപാഠികളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ആടിനെ സമ്മാനിച്ചത്.
ഫേസ്ബുക്കിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മന്ത്രി അസ്നയ്ക്ക് എഴുതിയ കത്ത് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഇടിഞ്ഞാര്‍ സ്കൂളില്‍ ഓരോ കുട്ടികള്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ എഴുതിയിടാന്‍ ‘ആഗ്രഹപ്പെട്ടി’ വെച്ചിട്ടുണ്ടായിരുന്നു.
ഇതില്‍ അസ്ന മോള് നിക്ഷേപിച്ച കുറിപ്പ് മന്ത്രി വായിക്കുകയായിരുന്നു. ‘വാപ്പയുടെ ചികിത്സാര്‍ത്ഥം നഷ്ടമായ ‘കുഞ്ഞാറ്റ’ ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു’- എന്ന് മന്ത്രി എഴുതിയ കത്തില്‍ പറയുന്നു.
‘വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താന്‍ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങള്‍ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ. സ്നേഹത്തോടെ അപ്പൂപ്പന്’- മന്ത്രി വി ശിവന്‍കുട്ടി തുടര്‍ന്ന് എഴുതി.
Discussion about this post