തിരുവനന്തപുരം: ഒരാഴ്ചയിലധികം പൊട്ടക്കിണറ്റില്‍ അകപ്പെട്ട് അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ. ബാലരാമപുരം കട്ടച്ചല്‍കുഴി പുത്തന്‍കാനം സ്വദേശി കൃഷകുമാറിന്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈവരി ഇല്ലാത്ത പൊട്ടക്കിണറ്റില്‍ അകപ്പെട്ട് കിടന്ന ഒരു വയസോളം പ്രായമുള്ള തെരുവ് നായയെ ആണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ രക്ഷപ്പെടുത്തിയത്.
50 അടിയോളം താഴ്ചയുള്ള കിണറില്‍ ഒമ്പത് ദിവസത്തോളമായി അകപ്പെട്ട് കിടക്കുന്ന തെരുവ് നായയെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ പല തവണ വിവരം അറിയിച്ചിട്ടും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം തയ്യാറാകുന്നില്ല എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം മുന്നിട്ടിറങ്ങിയത്.
ഇന്ന് ഉച്ചയോട് കൂടി വിഴിഞ്ഞം നിലയം സ്റ്റേഷന്‍ ഓഫിസര്‍ അജയ്‌യുടെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം സ്ഥലത്തെത്തി, വലയും വടവും ഉപയോഗിച്ച് 5 മിനിറ്റ് കൊണ്ട് തന്നെ നായയെ കിണറില്‍ നിന്ന് പുറത്ത് എടുത്തു.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോവളം സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്‍ സംഘം അവശ നിലയിലായിരുന്ന നായയെ തുടര്‍ചികിത്സയ്ക്കും മറ്റുമായി കൊണ്ട് പോയി. വീടുകള്‍ക്ക് ഇടയില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന പൊട്ടക്കിണര്‍ എത്രയും വേഗം മൂടാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം പുരയിട ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കി.