തിരുവനന്തപുരം: ഷാനുവിന് ഇനി ഇലക്ട്രിക് വീല്‍ ചെയറിലിരുന്നും പുറത്തേക്കിറങ്ങിയും പുതിയ സ്വപ്‌നങ്ങള്‍ കാണാം. 12 വര്‍ഷമായി കിടക്കയില്‍ തന്നെ ജീവിതം കഴിച്ചുകൂട്ടുന്ന ഷാനുവിന് വീല്‍ചെയര്‍ സമ്മാനിച്ചിരിക്കുകയാണ് പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍. പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത ദമ്പതികളാണ് ഷാനുവിന്റെ സ്വപ്‌നത്തിന് കൂട്ടായി എത്തിയത്.
കഴിഞ്ഞ ഏഴിനാണ് 12 വര്‍ഷമായി കിടക്കയില്‍ തന്നെയാണ് 26കാരിയായ ഷാനുവിന്റെ ജീവിതം. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയില്‍ വര്‍ഗീസ് മാഗി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഷാനു.
പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ ഇന്നലെ ഷാനുവിനെ തേടി ഇലക്ട്രിക് വീല്‍ചെയറുമായി വീട്ടിലെത്തി. 60,000 രൂപയോളം വില വരുന്ന വീല്‍ചെയറാണ് ഇവര്‍ ഷാനുവിന് കൈമാറിയത്. തങ്ങള്‍ക്കും പെണ്‍മക്കളാണ് ഉള്ളതെന്നും ഷാനുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സങ്കടം തോന്നിയെന്നും ഉടനെ തന്നെ വീല്‍ചെയര്‍ ഓര്‍ഡര്‍ നല്‍കി എന്നും ദമ്പതികള്‍ പറയുന്നു. ഷാനുവിന് ഒപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. പതിയെ വീല്‍ചെയറില്‍ പുറത്തേക്ക് ഇറങ്ങി ഇനി മുന്നോട്ടു തന്റെ സ്വപ്നങ്ങള്‍ക്ക് പുറകെ പോകാനാണ് ഷാനുവിന്റെ ആഗ്രഹം.
വാര്‍ത്ത വന്നതിന് പിന്നാലെ ഷാനുവിന് കേരളത്തിനകത്തും പുറത്തും നിന്ന് പിന്തുണയുമായി നിരവധി പേരാണ് വിളിക്കുന്നതെന്ന് ഷാനു പറയുന്നു. യൂട്യൂബ് വഴി പഠിച്ച കൈകൊണ്ട് കമ്പിളി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്ന ക്രോച്ചെറ്റ് എന്ന വിദ്യ വഴി ഷാനുവിന് വരുമാനം നേടാന്‍ വേണ്ട സഹായങ്ങള്‍ ഒരുക്കാമെന്നും പലരും വാക്ക് നല്‍കിയിട്ടുണ്ട്. ഗ്രാഫിക് ഡിസൈനിങ് പഠിക്കണം എന്നും ഒരു തൊഴില്‍ നേടി വീട്ടുകാരെ പിന്തുണയ്ക്കണം എന്നുമാണ് ഷാനുവിന്റെ ആഗ്രഹം.
12 വര്‍ഷം മുന്‍പ് സംഭവിച്ച അപകടത്തിലാണ് ഷാനുവിന്റെ ജീവിതം മാറ്റിമറിച്ചത്. 2011ല്‍ വെങ്ങാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് പഠിക്കുമ്പോഴാണ് ഷാനുവിന് അപകടം സംഭവിക്കുന്നത്. സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ ഷാനുവിനെ പിന്നാലെ വന്ന കാര്‍ ഇടിച്ചിട്ട് നിറുത്താതെ പോകുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റിയ ഷാനുവിനെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഷാനുവിന് പതിയെ നടക്കാന്‍ സാധിക്കുമായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് 2012ല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തന്നെ നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയാണ് കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. ഈ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഷാനുവിന്റെ അരയ്ക്കു താഴോട്ട് തളര്‍ന്ന അവസ്ഥയായത്. തങ്ങളെ സഹായിച്ച എല്ലാവര്‍ക്കും ഷാനുവിന്റെ കുടുംബം നന്ദി അറിയിച്ചു.
Discussion about this post