കുത്തിവരച്ചതുപോലെ കുറിപ്പടി; വായിക്കാനാവാതെ വലഞ്ഞ് രോഗികളും മരുന്നുകടക്കാരും, സംശയം തീര്‍ക്കാന്‍ എത്തിയപ്പോള്‍ ക്ഷുഭിതനായി ഡോക്ടര്‍

കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ കുത്തിവരച്ചതുപോലെയുള്ള കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍

doctor

കൊല്ലം: വായിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ രോഗികള്‍ക്ക് ഇരട്ടി തലവേദന സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ കുത്തിവരച്ചത് പോലുള്ള കുറിപ്പടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെങ്കിലും ചില ഡോക്ടര്‍മാര്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ കുത്തിവരച്ചതുപോലെയുള്ള കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്റെ കുറിപ്പടി കണ്ട് ആദ്യം ബന്ധുക്കളാണ് അമ്പരന്നത്.

ആദ്യം കുറിപ്പടിയില്‍ ഡോക്ടര്‍ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്. എന്നാല്‍ ഇതുമായി മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോള്‍ ഏത് മരുന്ന് ആണ് രോഗിക്ക് നല്‍കേണ്ടത് എന്ന സംശയത്തിലായി ജീവനക്കാര്‍. വിവരം തിരികെ ആശുപത്രിയില്‍ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടര്‍ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറയുകയായിരുന്നു.

കുറിപ്പ് വായിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം രോഗികളും മരുന്നുകടയുടമകളും ഒട്ടേറെത്തവണ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എഴുത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. മനസ്സിലാകുന്ന തരത്തില്‍ മരുന്നിന്റെ കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല.

മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിനും വിലകൊടുക്കിന്നില്ല. അതേസമയം, പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും രോഗിയും വലഞ്ഞത് നേരത്തെ ഏറെ വാര്‍ത്തയായിരുന്നു.

Exit mobile version