കണ്ണൂർ: എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ പെരളശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകർക്ക് എതിരെ കേസ്. എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയിലാണ് ആരോപണവിധേയായ അധ്യാപകർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സ്കൂളിലെ റിയയുടെ ക്ലാസ് ടീച്ചറായ ഷോജ, കായികാധ്യാപകനായ രാകേഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
റിയയുടെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പോലീസ് തുടക്കം തൊട്ടുതന്നെ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകർക്കെതിരെ പരാമർശമുണ്ടായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും പിന്നീട് തുടരന്വേഷണത്തിലാണ് രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചത്.
റിയയുടെ മരണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കമ്മീഷൻ ചെയർപേഴ്സൺ കെവി മനോജ് കുമാർ സ്കൂളും വിദ്യാർഥിനിയുടെ വീടും സന്ദർശിച്ചിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, പിടിഎ പ്രസിഡന്റ്, ജില്ലാ ചൈൽഡ് പ്രഡക്ഷൻ ഓഫിസർ, ചക്കരക്കൽ സിഐ, കുട്ടിയുടെ രക്ഷിതാക്കൾ എന്നിവരെ കണ്ട് അദ്ദേഹം വിവരങ്ങളും ശേഖരിച്ചിരുന്നു.
Discussion about this post