കൊല്ലം: റോഡരികിൽ ബൈക്കിടിച്ച് പരിക്കേറ്റ് അരമണിക്കൂറോളം ചോരവാർന്ന് കിടന്ന വയോധികൻ മരിച്ച സംഭവം നോവാകുന്നു. കൊല്ലം അഞ്ചലിലാണ് ദാരുണമായ സംഭവം. സഹായം അഭ്യർത്ഥിച്ച് സമീപത്തെ സ്ത്രീകൾ എത്തിയെങ്കിലും കൂടി നിന്നവർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്.
അപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളം വയോധികൻ റോഡരികിൽ കിടന്നെങ്കിലും വഴിയാത്രക്കാരായ ആരും ഇയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല. ഇതിനിടെ, അപകടത്തിന് കാരണമായ ബൈക്കോടിച്ചിരുന്നയാൾ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ 70 വയസ്സോളം പ്രായമുള്ളയാളെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വലിയശബ്ദം കേട്ട് സമീപവാസികളായ സ്ത്രീകളെത്തിയപ്പോൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന് റോഡരികിൽ കിടക്കുകയായിരുന്ന വയോധികനെയാണ് കണ്ടത്.
വയോധികനെ ആശുപത്രിയിൽ എത്തിക്കാനായി ഇവർ ശ്രമിച്ചെങ്കിലും ആരും സഹായിച്ചില്ല. വഴിയാത്രക്കാരായ പലരും കാഴ്ചക്കാരായി നിൽക്കുകയാണ് ചെയ്തത്. രണ്ടുതവണ വിളിച്ച് പറഞ്ഞെങ്കിലും പോലീസും എത്തിയില്ലെന്ന് ദൃക്‌സാക്ഷിയായ സ്ത്രീ പറയുന്നു.
ഒടുവിൽ സമീപവാസിയായ ഷാനവാസ് ജീപ്പിൽ അരമണിക്കൂറിന് ശേഷം ഇവിടെ എത്തിയപ്പോഴാണ് സംഭവമറിഞ്ഞതും ആശുപത്രിയിലേക്ക് എത്തിച്ചതും. ഇദ്ദേഹം തന്നെ വയോധികനെ താങ്ങിയെടുത്താണ് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീ പറയുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റയാളെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണമെത്തിയത്.
ഇയാളുടെ കൈവശം ഒരു കുടയും നാണയത്തുട്ടുകളടങ്ങിയ സഞ്ചിയുമാണുണ്ടായിരുന്നത്. അതേസമയം, വയോധികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനായി പോലീസ് അന്വേഷിക്കുകയാണ്.