കോഴിക്കോട്: യാത്രക്കാരുമായി കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് ബസ് ഓടിക്കുന്നതിനിടെ നിരന്തരം ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് എതിരെ നടപടി. ഫോണിൽ സംസാരിച്ച് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ ഡ്രൈവിങ് നടത്തിയ ഡ്രൈവർക്ക് എതിരെയാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി.
ഡ്രൈവറുടെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇയാളോട് ഒരാഴ്ച നിർബന്ധിത പരിശീലനപരിപാടിയിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. മലപ്പുറം എടപ്പാളുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് (ഐഡിടിആർ) കേന്ദ്രത്തിലാണ് പരിശീനത്തിന് ഹാജരാവേണ്ടത്.
ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവർ വാഹനം ഓടിക്കുന്നതിനിടെ നിരന്തരം മൊബൈലിൽ സംസാരിക്കുകയായിരുന്നു. ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തതെന്നാണ് പരാതി.
വാഹനം കോഴിക്കോട് നിന്നും പുറപ്പെട്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ പറയുന്നു. യാത്രക്കാർ പകർത്തിയ ദൃശ്യം പുറത്തുവന്നതോടെ ട്രാഫിക് പോലീസ് ബസ് കസ്റ്റഡിയിൽ എടുക്കുകയും ഹൈവേ പോലീസ് പിഴചുമത്തുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് ബസ് ഡ്രൈവറിനോട് ചൊവ്വാഴ്ച രാവിലെ ഫറോക്ക് എസ്ആർടിഒ ഓഫീസിൽ ഹാജരാകാൻ മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചത്. അശ്രദ്ധമായി വാഹനമോടിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റമാണെന്നും വരുംദിവസങ്ങളിൽ വാഹനങ്ങളിൽ പരിശോധന നടത്തുമെന്നും ജോ. ആർടിഒ സാജു എ ബക്കർ പറഞ്ഞു.