മലപ്പുറം: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ അക്രമം അഴിച്ചുവിട്ട അക്രമികള്‍ ഹര്‍ത്താല്‍ ദിനത്തിലും ആക്രമണങ്ങള്‍ തുടരുകയാണ്.
അക്രമികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. അജ്ഞാത സംഘമാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും ജനലുകളും കത്തിനശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. പ്രദേശത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്.
ഹര്‍ത്താല്‍ അനുകൂലികളാണ് ഓഫീസിന് തീയിട്ടതെന്ന് സിപിഎം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമങ്ങളുടെ ഭാഗമായി പാലക്കാട് ഇന്നലെ അര്‍ധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതര്‍ തീയിട്ടിരുന്നു. ഇഎംഎസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Discussion about this post