തിരുവനന്തപുരം: ശബരിമല കര്‍മസമിതി ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍. ബിജെപിയുടെ പിന്തുണയോടെ ആചരിക്കുന്ന ഹര്‍ത്താലിന്റെ മുന്നോടിയായി ഇന്നലെ അര്‍ധരാത്രിയോടു കൂടി തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് ഒട്ടാകെ ആക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
അതേസമയം, ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞും റോഡ് ഗതാഗതം തടസപ്പെടുത്തിയും ഹര്‍ത്താല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. പത്തനാപുരത്ത് മരങ്ങള്‍ റോഡില്‍ കൂട്ടിയിട്ടാണ് ഗതാഗതം തടയുന്നത്.
പാലക്കാട് വെണ്ണക്കരയില്‍ പുലര്‍ച്ചയോടെ യുവജന വായനശാലയ്ക്ക് അക്രമികള്‍ തീയിട്ടതും പ്രദേശത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇതിനിടെ, ഇന്നത്തെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ പോലീസ് തീരുമാനം. അക്രമികളെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഡിജിപി അക്രമികളെ തുരത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ക്രമസമാധാനം വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡിജിപിയുമായി യോഗം ചേര്‍ന്നു.
ഇതിനിടെ, സംസ്ഥാനത്തിന്റെ പലഭാഗത്തും അക്രമം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്രമസമധാനം വിലയിരുത്തുന്നതിനായി ഡിജിപി ലോക്‌നാഥ് ബെഹറ, ചീഫ് സെക്രട്ടറി ടോം ജോസും യോഗം ചേര്‍ന്നത്.
അക്രമം തടയുന്നതിനായി കളക്ടറമാരും, ജില്ലാ പോലീസ് മേധാവിമാരും എടുത്ത നടപടികള്‍ ഇരുവരും വിലയിരുത്തി. പ്രധാന കേന്ദ്രങ്ങളില്ലൊം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.
അക്രമകാരികളെ നേരിടാന്‍ ഡിജിപി വിവിധ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി പോലീസ് സ്വീകരിക്കും.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുന്നവരെയും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തും, കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കും.