മലപ്പുറം: അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ വണ്‍വേ തെറ്റിച്ച് ഓടിപ്പാഞ്ഞ സ്വകാര്യബസിന് കിട്ടിയത് എട്ടിന്റെപണി. കൂടുതല്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയ ബസിനെ നാട്ടുകാരും മറ്റ് ഡ്രൈവര്‍മാരും ചേര്‍ന്ന് റിവേഴ്‌സ് എടുപ്പിച്ചു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കോഴിക്കോട്- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം പാലിക്കാതെ പാഞ്ഞത്. ഗതാഗതക്കുരുക്കിനിടയില്‍ വണ്‍വേ തെറ്റിച്ച് കൂടുതല്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയ ബസിനെ മറ്റ് വാഹന ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ഒടുവില്‍ പിന്നോട്ട് എടുപ്പിക്കുകയായിരുന്നു.
അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് അമിത വേഗതയില്‍ എതിര്‍ ദിശയില്‍ വന്ന് മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കുരുക്കുണ്ടാക്കിയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് നിരവധി തവണ ബസ് പിന്നോട്ട് എടുക്കാന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇടപെട്ട് ബസ് പിന്നോട്ടെടുപ്പിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ ഇന്ന് കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാന്‍ ചുമതല ഓരോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം.