തിരുവനന്തപുരം: ബിബിസി ന്യൂസ് ചാനലിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് എതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഉദ്ദേശശുദ്ധി സംശയകരമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്:
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം.