പാലക്കാട്: മണ്ണാര്‍ക്കാട് എടിഎം പടക്കം പൊട്ടിച്ച് തകര്‍ത്ത് പണം മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്താണ് മോഷണശ്രമമുണ്ടായത്.
അലാറമടിച്ചതോടെ പ്രതി മോഷണ ശ്രമം നിര്‍ത്തി പിന്തിരിയുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്‌കുമണിഞ്ഞാണ് മോഷ്ടാവ് എടിഎമ്മിനകത്തെത്തിയത്.
എ.ടി.എമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടുകയായിരുന്നു. എന്നാല്‍, പടക്കം പൊട്ടിയതോടൊപ്പം എ.ടി.എമ്മിലെ അലാറവും ഉച്ചത്തില്‍ മുഴങ്ങി. ഇതോടെ പന്തികേട് മനസിലാക്കിയ പ്രതി കടന്നു കളഞ്ഞു.
അലാറമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടനെ സ്ഥലത്തെത്തിയെങ്കിലും പോലീസെത്തും മുന്നേമോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
Discussion about this post