തിരുവനന്തപുരം: വിവാഹ സാരിയിൽ വെള്ള കോട്ടും സ്റ്റെതസ്‌കോപ്പും അണിഞ്ഞ് പരീക്ഷാ ഹാളിൽ എത്തിയ വധുവിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നത്. പരീക്ഷ ഹാളിൽ നിന്ന് നേരെ കതിർ മണ്ഡപത്തിലേക്ക് ഓടിയെത്തി സോഷ്യൽ മീഡിയയിൽ തരംഗമായ ആ വധു ആരെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുകയാണ്.
തിരുവനന്തപുരം കരിമം അമ്പാടി ശ്രീലക്ഷ്മി അനിൽകുമാറാണ് ആ വൈറൽ വധു. ചിത്രങ്ങളും വീഡിയോയും തരംഗമായതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീലക്ഷ്മി. പ്രമുഖ മാധ്യമത്തോടായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. തിരുവനന്തപുരം കരിമം അമ്പാടിയിൽ അനിൽകുമാർ ശ്രീദേവി ദമ്പതികളുടെ മകളും നാലാഞ്ചിറ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ അവസാന വർഷ ഫിസിയോതെറാപ്പി ബിരുദ വിദ്യാർഥിനിയുമാണ് ശ്രീലക്ഷ്മി അനിൽ.
വിവാഹ ദിവസം രാവിലെയാണ് പ്രാക്ടിക്കൽ പരീക്ഷ എഴുതാനായി ശ്രീലക്ഷ്മി വിവാഹ വേഷത്തിൽ കോളേജിൽ എത്തിയത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ശ്രീലക്ഷ്മിയുയുടെയും തിരുമല സ്വദേശി അഖിൽ ബി കൃഷ്ണയുടെയും വിവാഹം നടത്തിയത്. അന്നേ ദിവസം തന്നെ ആണ് സർവകലാശാലയുടെ അവസാനവർഷ പ്രാക്ടിക്കൽ പരീക്ഷയും നടന്നത്.
രാവിലെ 10.30 നായിരുന്നു വിവാഹ മുഹൂർത്തം. ശ്രീലക്ഷ്മിയുടെ അപേക്ഷ പരിഗണിച്ച് പ്രാക്ടിക്കൽ പരീക്ഷ രാവിലെ 8 മണിക്ക് നടത്താൻ തീരുമാനിച്ച് കോളേജ് അധികൃതരും സഹായം നൽകി. 9.30 ന് ആണ് പരീക്ഷ അവസാനിക്കുന്ന സമയം തീരുമാനിച്ചിരുന്നത് എന്ന് ശ്രീലക്ഷ്മി പറഞ്ഞു. സമയം കുറവായതിനാൽ വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങി ആണ് ക്ലാസിലേയ്ക്ക് തന്നെ എത്തിയത്.
പ്രാക്ടിക്കൽ പരീക്ഷ അയതിനാൾ വെള്ള ലാബ് കോട്ടും സ്റ്റെതസ്‌കോപ്പും ധരിക്കണം. അതുകൊണ്ട് വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം വെള്ള കോട്ട് ധരിച്ചാണ് പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചതെന്ന് ശ്രീലക്ഷ്മി പറയുന്നു. ഒൻപതു മണിക്ക് പരീക്ഷ പൂർത്തിയാക്കിയ ശേഷം പരീക്ഷ ഹാളിൽ നിന്ന് നേരെ ശ്രീലക്ഷ്മി പോയത് ശ്രീ വൈകുണ്ഠം കല്യാണ മണ്ഡപത്തിലെ കതിർ മണ്ഡപത്തിലേയക്കായിരുന്നു.
കാൺപൂർ ഐഐടിയിൽ റിസർച്ചർ ആണ് വരൻ അഖിൽ ബി കൃഷ്ണ. കോളേജിൽ താൻ വിവാഹ വേഷത്തിൽ എത്തിയ ദൃശ്യങ്ങൾ സുഹൃത്തുകളും വെഡ്ഡിംഗ് ഡേയ്‌സ് ഫോട്ടോഗ്രഫി സംഘവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആണെന്നും ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.