ഒറ്റപ്പാലം: പട്ടയം അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. ഒറ്റപ്പാലം ഭൂപരിഷ്‌കരണ പ്രത്യേക തഹസിൽദാറുടെ ഓഫീസിലെ സീനിയർ ക്ലാർക്ക് ആലപ്പുഴ സ്വദേശി ശ്രീജിത്ത് ജി. നായർ (46), ചെർപ്പുളശ്ശേരി സ്വദേശിയും വെള്ളിനേഴി വില്ലേജോഫീസറുമായ കെ.പി. നജിമുദ്ദീൻ (48) എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
വെള്ളിനേഴി കുറ്റാനിശ്ശേരി പച്ചിലാംകോട്ടിൽ രാധയുടെ കൈയിൽ നിന്നാണ് ഇവർ പണം കൈപറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. കുടുംബസ്വത്തായ 40 സെന്റ് സ്ഥലത്തിന്റെ പട്ടയം ശരിയായിട്ടുണ്ടെന്നും ആവശ്യമായ രേഖകൾസഹിതം ഹാജരാകണമെന്നുമറിയിച്ച് രാധയ്ക്ക് ഒറ്റപ്പാലം ഭൂപരിഷ്‌കരണ പ്രത്യേക തഹസിൽദാറുടെ ഓഫീസിൽനിന്ന് നോട്ടീസ് ലഭിച്ചു.
സ്ഥലത്തെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്നതിന്, വില്ലേജോഫീസറുടെ സാന്നിധ്യത്തിൽ രണ്ട് പ്രദേശവാസികളുടെ സാക്ഷ്യപത്രം വേണമെന്ന നിർദേശവും നൽകി. ഇതിനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത്രയും പണമില്ലെന്ന് രാധ പറഞ്ഞതോടെ 10,000 രൂപയെങ്കിലുമില്ലാതെ നടക്കില്ലെന്ന് വില്ലേജ് ഓഫീസർ തീർത്ത് അറിയിച്ചു. ഇതോടെയാണ് രാധ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദേശിച്ചപ്രകാരം, പണം നൽകാമെന്ന് വില്ലേജോഫീസറെ അറിയിച്ചു.
ഒറ്റപ്പാലം ഭൂപരിഷ്‌കരണ തഹസിൽദാറുടെ ഓഫീസിലെ സീനിയർ ക്ലാർക്കിനെ പോയി കാണണമെന്നും പണമേൽപ്പിക്കണമെന്നുമായിരുന്നു വില്ലേജ് ഓഫീസർ അറിയിച്ചത്. ഇതിനായി നൽകിയ ഫോൺനമ്പറിൽ, ക്ലാർക്കായ ശ്രീജിത്തിനെ വിളിച്ചു. പണം മിനിസിവിൽ സ്റ്റേഷന്റെ താഴെനിർത്തിയിട്ട തന്റെ ബൈക്കിൽ വെക്കാൻ നിർദേശം നൽകി. ഇവിടെവെച്ച പണമെടുത്ത് ഓഫീസിലേക്ക് നടക്കുന്നതിനിടെയാണ് ശ്രീജിത്തിനെ വിജിലൻസ് കൈയോടെ പിടികൂടിയത്. തുടർന്ന്, കൈക്കൂലിക്കായി ശുപാർശചെയ്ത വില്ലേജ് ഓഫീസറെയും വിജിലൻസ് പിടികൂടുകയായിരുന്നു.