തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.
ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.
താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.
കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.