തൃപ്പൂണിത്തുറ: ഇനി ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍മാരെ പിടികൂടി പോലീസ് ഏര്‍പ്പെടുത്തിയത് ഇംപോസിഷന്‍ എഴുതുന്ന ശിക്ഷ. മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെയെല്ലാം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവര്‍മാര്‍ പിടിയിലായത്.
മദ്യപിച്ചെന്ന് കണ്ടെത്തിയ 16 ഡ്രൈവറര്‍മാരെക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷന്‍ എഴുതിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.
കൂടാതെ പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നതിനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരനും അറിയിച്ചു.
പിടിയിലായവരില്‍ നാല് പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ടുപേര്‍ പേര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും 10 പേര്‍ പ്രൈവറ്റ് ബസ് ഓടിച്ച ഡ്രൈവര്‍മാരുമാണ്.
also read- ‘പറയാന്‍ വാക്കുകളില്ല’ ഐപിഎസുകാരി മകളിൽ നിന്നും സല്യൂട്ട് സ്വീകരിച്ച് ആസാം ഡിജിപി, ഹൃദ്യം
ഇന്ന് രാവിലെ മുതല്‍ കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടികൂടിയ ബസിലെ യാത്രക്കാരെ പോലീസ് ഡ്രൈവര്‍മാര്‍ തന്നെ തൃപ്പൂണിത്തുറ ബസ്റ്റാന്‍ഡിലെത്തിച്ച് തുടര്‍ യാത്രാ സൗകര്യം ഒരുക്കി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്ടിയിലുള്ള പോലീസ് സ്‌കൂളുകളില്‍ എത്തിച്ചു. പിടിയിലായ കെഎസ്.ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കെഎസ്ആര്‍ടിസി അധികാരികള്‍ക്ക് അയക്കാനാണ് പദ്ധതി.