കോട്ടയം: വിശക്കുന്ന വയറിന് ഭക്ഷണം തന്നെയാണ് ഏറ്റവും വലിയ ദൈവം. ഏത് പണക്കാരനെയും പാവപ്പെട്ടവനെയും ആഹാരത്തിന് മുന്നിലെത്തിക്കുന്ന വിശപ്പ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. ആഹാരം വിളമ്പുന്നതിന്റെ മഹത്വം മനസിലാക്കി കൊടുക്കുന്ന ഒരു ഹോട്ടലിനെയും അതിന്റെ നടത്തിപ്പുകാരെയും കുറിച്ചുള്ള വര്‍ഗീസ് പ്ലാത്തോട്ടം എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു നേരത്തെ ആഹാരം കഴിക്കാനുള്ള പണമില്ലാത്തതിനാല്‍ പട്ടിണിയാകുന്ന ആളുകള്‍ക്ക് മുന്നില്‍ ”ഉച്ചഭക്ഷണത്തിനു പണം തികയാതെ വന്നാല്‍ കയ്യില്‍ ഉള്ളതു തന്നാല്‍ മതി” എന്ന ബോര്‍ഡ് വെച്ചിരിക്കുന്ന ഒരു ഹോട്ടലിനെ കുറിച്ചാണ് വര്‍ഗീസ് കുറിപ്പില്‍ പറയുന്നത്.
തൊടുപുഴ മാര്‍ക്കറ്റ് റോഡുവഴി വരേണ്ട കാര്യമുണ്ടായിരുന്നു, നേരം ഉച്ച ഉച്ചരാ ഓക്കേ ആയപ്പോ പതിവ് രോഗം തുടങ്ങി, വിശപ്പ്, പക്ഷെ കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞു കിടക്കുന്നു. അടുത്തു എവിടേലും കല്യാണം നടക്കുന്നുണ്ടോ എന്നു അന്വേഷിച്ചു. ഉണ്ടേ വകെലൊരു ചിറ്റപ്പന്‍ ആണെന്ന് പറഞ്ഞു കേറി നല്ല തട്ടു തട്ടാര്‍ന്നു.
ഇന്നു കല്യാണങ്ങളും ഇല്ല അവസാനം ഒരു ഓട്ടോ ചേട്ടന്‍ ആണ് മാര്‍ക്കറ്റ് റോഡില്‍ ഒരു ചെറു കട കാട്ടി തന്നത് അല്പം ഉള്ളിലേക്കാണ്, പെട്ടന്നു കാണാന്‍ കഴിയില്ല . നാലഞ്ച് ടേബിള്‍ ഉള്ള വൃത്തിയുള്ള ഒരു ഹോട്ടല്‍, ന്യൂ ജനത എന്നാണ് പേര് .. ഞായറാഴ്ച ആയതുകൊണ്ട് കഞ്ഞി മാത്രേ ഒളൂ കേട്ടോ, ക്ഷമാപണ സ്വരത്തില്‍ അതിന്റെ ഉടമ എന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വന്നു പറഞ്ഞു.
ഒരു കഞ്ഞി അഡിക്ട് സൈക്കോ ആയ നമുക്ക് ഇതില്‍ പരം സന്തോഷം ഉണ്ടാവാനുണ്ടോ ചെറുപയര്‍ ഇട്ടു വേവിച്ച കഞ്ഞിയും സെഡ് കറികളും കൂട്ടി ആസ്വദിച്ചു കഴിച്ചു. ക്യാഷ് കൊടുക്കാന്‍ നിന്നപ്പോ ആണ് ക്യാഷ് കൗണ്ടറിനു സമീപം ഈ നന്മ നിറഞ്ഞ കൊച്ചു കുറിപ്പ് കണ്ടത്..
”ഉച്ചഭക്ഷണത്തിനു പണം തികയാതെ വന്നാല്‍ കയ്യില്‍ ഉള്ളതു തന്നാല്‍ മതി” ഉച്ച സമയത്തു വിശന്നിട്ടും ഒരു നേരത്തെ ആഹാരം കഴിക്കാന്‍ പണം ഇല്ലാഞ്ഞിട്ടോ പണം തികയാഞ്ഞിട്ടോ ഉച്ചഭക്ഷണം വേണ്ടന്നുവെച്ചു എത്ര മനുഷ്യര്‍ നമ്മളെ കടന്നു പോയിട്ടുണ്ടാവും എന്ന ഓര്‍മ്മയില്‍ മനസു നനഞ്ഞു കുതിര്‍ന്നു..
ഒറ്റക്കും കൂട്ടായും വരുന്ന മനുഷ്യര്‍ക്കു കഞ്ഞിയും കറികളും വിളമ്പി ഓടി നടക്കുന്ന ആ മനുഷ്യനെ നിറഞ്ഞ സ്‌നേഹത്തോടെ കുറച്ചേറെ നേരം ഞാന്‍ കണ്ടു നിന്നു… ഇറങ്ങാന്‍ നേരം അദ്ദേഹത്തോട് പേര് മാത്രം ചോദിച്ചു, സുനില്‍ എന്ന് ചിരിച്ചു കൊണ്ട് അയാള്‍ തന്ന മറുപടിയും കേട്ട് വയറും മനസും നിറഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി നടന്നു..