കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചതിനെ മനോവിഷമം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കൽപ്പറ്റയിലെ അഡ് ലൈഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് ആത്മഹത്യ ചെയ്തത്. വിശ്വനാഥൻ്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി എം.പി സന്ദർശിച്ചു.
തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെത്തി വിശ്വനാഥന്റെ കുടുംബത്തെക്കണ്ട് രാഹുൽ ആശ്വസിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ടി. സിദ്ദീഖ് എം.എൽ.എ. ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.
വിശ്വനാഥൻ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു. ഇതിനിടെ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു.
രോഗിയുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തുടർന്ന് ശനിയാഴ്ച പുലർച്ചെ കോളേജിന് സമീപത്തുള്ള സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അപമാനഭാരം സഹിക്കവയ്യാതെ മകൻ ആത്മഹത്യ ചെയ്തെന്നാണ് വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നത്. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതെന്നും ആരോപണമുണ്ട്.
വിശ്വനാഥന് എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞു പിറന്നതെന്നും ആത്മഹത്യ ചെയ്യേണ്ട മറ്റു കാരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു.