അടൂര്‍: അയല്‍വാസിയ്ക്ക് വീട് വച്ച് നല്‍കി മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി റെജി ചാക്കോ. ഒരിക്കലും നടക്കില്ലെന്ന് കരുതിയ അടച്ചുറപ്പുള്ള വീടെന്ന സ്പ്നം വിജയന് സഫമാക്കി കൊടുത്തിരിക്കുകയാണ് നെല്ലിമുകള്‍ അലന്‍ വില്ലയില്‍ റെജി. ഒരിക്കലും നടക്കില്ലെന്ന് കരുതിയ അടച്ചുറപ്പുള്ള വീടിന്റെ അകത്തളങ്ങളിലേക്ക് വലതുകാല്‍ വച്ച് കയറിയിരിക്കുകയാണ് കെ.വിജയനും കുടുംബവും .
റെജിയാണ് വിജയന് സ്വപ്നവീട് നിര്‍മിച്ചുനല്‍കിയത്. ഏതുനിമിഷവും താഴെ വീഴാവുന്ന തരത്തിലുള്ള വീട്ടിലായിരുന്നു വിജയനും ഭാര്യ സുധയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. മഴ പെയ്താല്‍ ചോര്‍ച്ച അനുഭവപ്പെടുന്ന വീടായതിനാല്‍ ഓടിനു മുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച അവസ്ഥയിലായിരുന്നു. കിഡ്നി രോഗിയും ഹൃദയസംബന്ധമായ രോഗത്താലും വര്‍ഷങ്ങളായി ചികിത്സയിലാണ് വിജയന്‍.
അടൂരിലെ ഫാന്‍സിക്കടയില്‍ ജോലിക്കുപോകുന്നുവെങ്കിലും വരുമാനത്തിന്റെ ഭൂരിഭാഗവും മരുന്നിന് ചെലവാകും. വീടിന്റെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥ മനസ്സിലാക്കിയാണ് അയല്‍വാസിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരനുമായ റെജി സഹായ ഹസ്തവുമായി എത്തിയത്.
റെജി, വിജയനോട് വീട് വെച്ചുനല്‍കാമെന്ന ആശയം പങ്കുവച്ചുവെങ്കിലും ആദ്യം ഇത് വിശ്വസിക്കാന്‍ സാധിക്കുന്ന കാര്യമായിരുന്നില്ല വിജയന്. കാരണം ഒരാള്‍ ലക്ഷങ്ങള്‍ ചെലവാക്കി ഒരാള്‍ക്ക് വീടുവെച്ചുനല്‍കുമോ?. എന്നാല്‍ ഈ ചോദ്യത്തിനും സംശയത്തിനുമൊക്കെ ഉത്തരം നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീടിന്റെ പ്രവര്‍ത്തനം റെജി ആരംഭിച്ചു. വീടിന്റെ രൂപരേഖ തയ്യാറാക്കി പണിയാനുള്ള സാധന സാമഗ്രികള്‍ വീട്ടുമുറ്റത്ത് എത്തിയതോടെ വിജയന് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി.
അടിത്തറ കെട്ടി ഭിത്തികള്‍ കെട്ടിക്കയറിത്തുടങ്ങി. ഷീറ്റിടും എന്ന് വിചാരിച്ചിടത്തുനിന്ന് വാര്‍പ്പുവരെ വന്നു. കയറിക്കിടക്കാന്‍ നല്ല ഭംഗിയുള്ള വീട് ഉയര്‍ന്നു എന്നത് ഒരു സ്വപ്നമല്ലെന്ന് അങ്ങനെ വിജയന് ബോധ്യമായി. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ മനുഷ്യസ്നേഹത്തിന്റെ ജീവകാരുണ്യവഴിയില്‍ സമൂഹത്തിനു മാതൃക തീര്‍ത്തിരിക്കുകയാണ് റെജി. ഒപ്പം എല്ലാ പിന്തുണയും നല്‍കി റെജിയുടെ ഭാര്യ ആശയും ഒപ്പം ഉണ്ടായിരുന്നു.
Discussion about this post