വളാഞ്ചേരി: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണത്തിന് കീഴടങ്ങി. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിച്ചിറ പുന്നത്തല എടമന മുസ്ല്യാരകത്ത് മുജീബ്-ആമിന ദമ്പതിമാരുടെ മകൾ സഫാനയാണ് മരിച്ചത്. 24 വയസായിരുന്നു. രണ്ടത്താണിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ നാലിനാണ് സഫാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെട്ടു. ഭർത്താവും അയാളുടെ മാതാവും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം സഫാനയെ പീഡിപ്പിച്ചിരുന്നതായാണ് സഫാനയുടെ കുടുംബത്തിന്റെ ആരോപണം. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ഭർത്താവ് അടാട്ടിൽ അർഷാദ് അലിയെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കോടതി ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. സഫാനയുടെ ഖബറടക്കം വെട്ടിച്ചിറ മുഴങ്ങാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.