പത്തനംതിട്ട: താലൂക്ക് ഓഫീസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദ യാത്രയ്ക്ക് പോയതിന്റെ ചിത്രങ്ങള്‍ വൈറലായതോടെ രൂക്ഷവിമര്‍ശനം. പത്തനംതിട്ടയിലെ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരാണ് മൂന്ന് ദിവസം അവധിയെടുത്ത് മൂന്നാറിലേക്ക് പോയത്.
ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഓഫീസിലെ 23 ജീവനക്കാര്‍ അവധിക്ക് അപേക്ഷ നല്‍കിയും 21 പേര്‍ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. ഓഫീസിലെ 23 ജീവനക്കാര്‍ അവധിക്ക് അപേക്ഷ നല്‍കിയും 21 പേര്‍ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്.
സംഘത്തില്‍ തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഓഫീസ് സ്റ്റാഫ് കൗണ്‍സിലാണ് യാത്ര സംഘടിപ്പിച്ചത്. ഇതിന് 3000 രൂപ വീതം ഓരോരുത്തരും നല്‍കിയിരുന്നു. 63 ജീവനക്കാരുള്ള ഓഫീസില്‍ 44 പേരും ഹാജരായിരുന്നില്ല.
താലൂക്ക് ഓഫീസില്‍ ആളില്ലെന്ന വിവരം ലഭിച്ച ഉടന്‍ തന്നെ എംഎല്‍എ തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയിരുന്നു. ഇതോടെയാണ് വിനോദയാത്രയുടെ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് എംഎല്‍എ കെ യു ജനീഷ്‌കുമാര്‍ തഹസില്‍ദാറെ ഫോണില്‍ ബന്ധപ്പെട്ട് ക്ഷുഭിതനായി.
മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കുമായി എത്തുന്നത്. ഈ സാഹചര്യത്തില്‍ ഓഫീസ് അടച്ചുപൂട്ടിയത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തഹസില്‍ദാരോട് വിശദീകരണം തേടിയിട്ടുണ്ട്.