നടയടച്ച സംഭവം; ശുദ്ധികലശം അയിത്ത നിരോധന നിയമത്തിന്റെ ലംഘനം! തന്ത്രി ചെയ്തത് ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റം; നിയമവിദഗ്ധര്‍

തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടത്തിയ ശുദ്ധികലശം ഭരണഘടന വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍. ആര്‍ട്ടിക്കിള്‍ 17 അനുസരിച്ച് അയിത്തത്തിന്റെ നിരോധന പരിധിയില്‍ വരുന്നതാണ് ശുദ്ധികലശം. ശുദ്ധികലശം നടത്തിയ തന്ത്രിയുടെ അധികാരം റദ്ദാക്കാനും 6 മാസം വരെ തടവ് ലഭിക്കുന്ന കുറ്റവുമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി. കേരള ഹിന്ദു ആരാധനാ പൊതു ഇട നിയമപ്രകാരത്തിന്റെയും ആര്‍ട്ടിക്കിള്‍ 25 ന്റെയും ലംഘനമാണ് ശുദ്ധികലശത്തിലൂടെ നടന്നതെന്നുമാണ് വിദഗ്ധാഭിപ്രായം.

ആരാധനക്കായുള്ള പൊതു ഇടത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമാണ് ശബരിമല. മതപരമോ ആചാരപരമോ ആയ ഏതൊരു കാരണം കൊണ്ടാണെങ്കിലും ശുദ്ധികലശം പോലുള്ള അയിത്തം ആചരിച്ചാല്‍ ആറു മാസം വരെ തടവിന് ശിക്ഷിക്കപ്പെടാം. അയിത്താചരണത്തിന് പൗരാവകാശ സംരക്ഷണ നിയമത്തിന്റെ മൂന്ന്, നാല്, ഏഴ് വകുപ്പ് പ്രകാരമുള്ള ശിക്ഷ ലഭിക്കാനും കാരണമാകും. ശബരിമലയില്‍ കയറിയ സ്ത്രീകളില്‍ ഒരാള്‍ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്.

അതേസമയം തുലാമാസ പൂജാ സമയത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടക്കും എന്ന് പറഞ്ഞ തന്ത്രിക്ക് എതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ശുദ്ധികലശം വഴി തന്ത്രി നടത്തിയ കോടതി അലക്ഷ്യവും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version