തിരുവനന്തപുരം: ഇനിമുതല്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ അപ്പോള്‍ തന്നെ പരാതിപ്പെടാം. ഇതിനുള്ള പോര്‍ട്ടല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഭക്ഷണം മോശമായാല്‍ ഭക്ഷണത്തിന്റെ വിഡിയോ അഥവാ ഫോട്ടോ സഹിതം പരാതിപ്പെടാന്‍ ഇതില്‍ സൗകര്യം ഒരുക്കും. ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീന്‍ റേറ്റിങ്’ മൊബൈല്‍ ആപ്പും താമസിയാതെ നിലവില്‍ വരും.
ഈ ഹൈജീന്‍ റേറ്റിങ് ആപ്പില്‍ സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉണ്ടാവും. അതേസമയം മോശം ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരില്‍ മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കും.