പെരുമ്പാവൂര്‍: മൂക ദമ്പതികളായ സാജനേയും സോമായയേും പിരിച്ച് വിധിയുടെക്രൂരത. വൃക്കരോഗിയും പാതി തളര്‍ന്ന ശരീരവുമായി കഴിയുകയുമായിരുന്ന നേപ്പാള്‍ സ്വദേശി സാജന്‍ പരിയാര്‍ (25) മരണമടഞ്ഞു. നേപ്പാള്‍സ്വദേശികളായ ഈ ദമ്പതികള്‍ കേരളത്തില്‍ ഒരുപാട് നാളായി താമസിച്ചുവരികയായിരുന്നു. നടക്കാന്‍ കഴിയാത്ത സാജനെ ചുമലിലേറ്റി ഭാര്യ സോമായ (23) ആശുപത്രിയിലുള്‍പ്പടെ പോയിരുന്നത് നാട്ടുകാര്‍ക്കും വിഷമം നല്‍കുന്ന കാഴ്ചയായിരുന്നു.
എന്നാല്‍ സാമ്പത്തികമായ പരാധീനതകള്‍ മൂലം മറ്റ് സാങ്കേതിക സഹായങ്ങളെ തേടാനുള്ള അവസ്ഥയിലായിരുന്നില്ല സോമായയും സാജനും. പിത്താശയവുമായി ബന്ധപ്പെട്ട അസുഖത്തിന് കഴിഞ്ഞ ആഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാജന്‍ ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
സാജന്റെ മൃതദേഹം കോട്ടയം നഗരസഭ വക ശ്മശാനത്തില്‍ സംസ്‌കാരിച്ചു. പെരുമ്പാവൂര്‍ അല്ലപ്രയിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു ഈ യുവദമ്പതികള്‍. ഇവരുടെ ദുരവസ്ഥ അറിഞ്ഞ കഴിഞ്ഞ കോതമംഗലം പീസ് വാലി ഫൗണ്ടേഷന്‍ നവംബറില്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു.
വൃക്കരോഗം മൂര്‍ച്ഛിച്ച് ഡയാലിസിസ് ചെയ്യാന്‍ പോലും പണമില്ലാതെ ജീവന്‍ അപകടത്തിലായിരുന്നു സാജന്റെത്. എന്നാല്‍ പീസ് വാലി അധികൃതരെത്തി കൊണ്ടുപോയി ഡയാലിസിസ് പുനരാരംഭിച്ചതോടെയാണ് സാജന്‍ അപകടനില തരണം ചെയ്തത്.
നേപ്പാള്‍ സ്വദേശികളായ ഇരുവരും ചെറുപ്പത്തില്‍ തന്നെ ഇന്ത്യയിലെത്തിയതാണ്.മാതാപിതാക്കളോടൊപ്പം ചെന്നൈയിലായിരുന്നു തമാസിച്ചിരുന്നത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇവര്‍ക്കുണ്ട്. ഇവരുടെ പ്രണയവിവാഹത്തിന് വീട്ടുകാര്‍ എതിരായതിനാല്‍ ബന്ധുക്കളുമായി അടുപ്പമില്ല.
കൗമാര കാലത്ത് പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു സാജനും സോമായയും. ഇരുവരും നാലുകൊല്ലം മുന്‍പാണ് വിവാഹിതരായത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വിധി ഇവരെ ആദ്യമായി പരീക്ഷിച്ചത്. ഫുട്‌ബോള്‍ കളിക്കിടെ വീഴ്ചയില്‍ പരിക്കേറ്റ് സാജന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.
എന്നാല്‍ സാജന്റെ ജീവിതം വീല്‍ച്ചെയറില്‍ ആയെങ്കിലും സോമായ ജോലി ചെയ്ത് സാജനെ പരിപാലിച്ചുവരികയായിരുന്നു. സുഹൃത്തുക്കളും സഹായവുമായി എത്തിയിരുന്നു. ഇതിനിടെയാണ് കോവിഡ് മഹാമാരി എത്തിയത്. ഈ കാലത്താണ് സംസാരശേഷിയില്ലാത്ത സുഹൃത്തുക്കളുടെ സംഘടന മുഖേനെ ഇവര്‍ കേരളത്തിലേക്ക് എത്തിയത്.
പെരുമ്പാവൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ശുചീകരണത്തൊഴിലാളിയായിരുന്നു സോമായ. ഇതിനിടെയാണ് സാജന്റെ കിഡ്‌നി തകരാറിലായതും രോഗാവസ്ഥ മൂര്‍ച്ഛിച്ചതും. ഇപ്പോള്‍ സാജന്റെ വിയോഗത്തോടെ തനിച്ചായിരിക്കുകയാണ് സോമായ. ബന്ധുക്കളുടെ പിന്തുണയും ഇന്ന് ഈ യുവതിക്കില്ല.