കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും കാര്‍ കത്തി മരിക്കാനിടയായ സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘം. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയും ആകാമെന്നു കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിരുന്നില്ല. സ്പീക്കറും ക്യാമറയുമാണ് അഗ്നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്.
ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാറില്‍ നിന്ന് കണ്ടെടുത്ത മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്, എംവിഐമാരായ പിവി ബിജു, ജഗന്‍ലാല്‍ എന്നിവരാണുണ്ടായിരുന്നത്. സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ അപകടത്തിനിടയായ കാര്‍ സംഘം തിങ്കളാഴ്ച പരിശോധിച്ചിരുന്നു.
ഫെബ്രുവരി രണ്ടിനാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാര്‍ കത്തി അപകടമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ ടിവി പ്രജിത്ത് (35), ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ കാറിലെ പിന്‍സീറ്റിലുണ്ടായിരുന്നു എങ്കിലും പരിക്കേല്‍ക്കാതെ പുറത്തിറങ്ങി രക്ഷപ്പെട്ടു.
Discussion about this post