മുളച്ചങ്ങാടത്തിലെ ദുരിതയാത്ര അവസാനിപ്പിക്കാം; ആദിവാസി കോളനിക്കാര്‍ക്ക് ഫൈബര്‍ബോട്ട് സമ്മാനമായി നല്‍കി സുരേഷ് ഗോപി എംപി

ബുധനാഴ്ച, സുരേഷ് ഗോപിക്കുവേണ്ടി സിനിമാതാരം ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറി

suresh-gopi

കൊരട്ടി: മുക്കുംപുഴ ആദിവാസി ഊരിലെ നിവാസികള്‍ക്ക് രോഗികളുമായി മുളച്ചങ്ങാടത്തില്‍ പോകുന്ന ദുരിതയാത്ര ഇനി അവസാനിപ്പിക്കാം. ഊരിലുള്ളവര്‍ക്ക് യാത്രാസഹായിയായി ഫൈബര്‍ബോട്ട് സമ്മാനമായി നല്‍കി സുരേഷ് ഗോപി എംപി.

അടുത്തിടെ ഊരിലേക്ക് മഞ്ചലുമായെത്തിയ സുരേഷ് ഗോപി എംപി യാത്രാദുരിതം മനസ്സിലാക്കിയാണ് ബോട്ട് വാഗ്ദാനം ചെയ്തത്. ബുധനാഴ്ച, സുരേഷ് ഗോപിക്കുവേണ്ടി സിനിമാതാരം ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറി. ഫേസ്ബുക്ക് ലൈവിലൂടെ ടിനി ടോം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

നേരത്തേ 10 ദിവസം കൊണ്ട് ബോട്ട് നിര്‍മിച്ചു കൈമാറാമെന്നാണ് നിര്‍മാതാക്കള്‍ ഏറ്റിരുന്നത്. എന്നാല്‍, ബുധനാഴ്ച സുരേഷ് ഗോപിയുടെ വിവാഹവാര്‍ഷികമാണെന്നറിഞ്ഞതോടെ പറഞ്ഞതിനും രണ്ടുദിവസം മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കി ബോട്ട് കൊരട്ടിയിലെത്തിക്കുകയായിരുന്നു.

അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ബോട്ടില്‍ അഞ്ചു സുരക്ഷാജാക്കറ്റും രണ്ട് പങ്കായവും ഉണ്ട്. എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടു നിര്‍മിച്ച് നല്‍കാമെന്നാണ് നിര്‍മ്മാണക്കമ്പനി ഏറ്റിരുന്നത്. എന്നാല്‍, മലിനീകരണസാധ്യതയുള്ളതുകൊണ്ടാണ് തുഴഞ്ഞുപോകാവുന്ന വിധത്തിലുള്ള ബോട്ടാക്കിയതെന്ന് നിര്‍മാതാവ് നിഷിജിത്ത് കെ ജോണ്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത ആതിരപ്പള്ളി വനവാസി ഊരുകളില്‍ ആധുനിക സ്ട്രച്ചര്‍ സുരേഷ് ഗോപി വാങ്ങി നല്‍കിയത്. മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആശുപത്രിയിലേയ്ക്ക് രോഗിയെ കൊണ്ടു പോകാന്‍ മുളയില്‍ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിന് പകരമായാണ് ആധുനിക സ്ട്രച്ചറുകള്‍ സുരേഷ് ഗോപി നല്‍കിയത്.

Exit mobile version