‘അഡ്വ. സൈബി തന്റെ കൈയ്യില്‍ നിന്നു വാങ്ങിയത് 25 ലക്ഷം’; സിനിമ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു; പിന്നാലെ രാജിവെച്ച് സൈബി കിടങ്ങൂര്‍

കൊച്ചി: ജഡ്ജിമാരെ സ്വാധീനിക്കാനായി കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ കക്ഷിയായിരുന്ന സിനിമാ നിര്‍മാതാവിനെ പോലീസ് ചോദ്യംചെയ്തു. ബലാത്സംഗ കേസില്‍ ആരോപണം നേരിടുന്നയാളാണ് സിനിമാ നിര്‍മാതാവ്. ഇദ്ദേഹത്തിന്റെ ഭാര്യയേയും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍.

പിന്നാലെ അഡ്വ. സൈബി ജോസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തനിക്ക് എതിരെ ഗൂഢാലോചയെന്നും സൈബി രാജി വിഷയത്തില്‍ ആരോപിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍മാതാവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സൈബിക്ക് 25 ലക്ഷം രൂപ നല്‍കിയെന്ന് സിനിമാ നിര്‍മാതാവ് വെളിപ്പെടുത്തിയിരുന്നു.

ഇതോടെയാണ് സൈബിക്കെതിരേയുള്ള അന്വേഷണം ആരംഭിച്ചത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് തനിക്ക് 25 ലക്ഷം രൂപ ചെലവായെന്നാണ് ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനോട് നിര്‍മാതാവ് വെളിപ്പെടുത്തിയത്.

also read- ക്ഷേത്രത്തിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കും, ശേഷം വീടുകളിലെത്തി വശത്താക്കുന്നു; പീഡനക്കേസില്‍ പൂജാരി അറസ്റ്റില്‍

ഈ പണം അഞ്ച് ശതമാനം പലിശയ്ക്ക് കടം വാങ്ങിയാണ് നല്‍കിയതെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഈ അഭിഭാഷകന്‍ മറ്റുഅഭിഭാഷകരെ വിവരമറിയിക്കുകയും വിഷയം ഹൈക്കോടതി ജഡ്ജിയുടെ മുന്‍പിലെത്തുകയുമായിരുന്നു.

നിലവില്‍ പോലീസിന്റെ പ്രത്യേക സംഘമാണ് സൈബിക്കെതിരായ കേസില്‍ അന്വേഷണം നടത്തുന്നത്. കൈക്കൂലിക്കേസില്‍ സൈബിയുടെയും കക്ഷികളുടെയും ഫോണ്‍വിളി വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

Exit mobile version