കൊല്ലംങ്കോട്: ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ട് ലക്ഷങ്ങൾ ബാധ്യതയായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ ചാമിമലയുടെ മകൻ ഗിരീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 38 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ചെറുതുരുത്തിയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം ലാബ് അസിസ്റ്റന്റായിരുന്നു ഗിരീഷ്.
ഏതാനും മാസങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് രൂപ റമ്മി കളിച്ച് ഗിരീഷിന് നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. ഗിരീഷ് കുറേക്കാലം മുതലമടയിലെ എൻജിനിയറിങ് കോളേജിൽ ജോലിനോക്കിയിരുന്നു. ഈ കോളേജ് അടച്ചതോടെയാണ് ചെറുതുരുത്തിയിൽ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് കാലത്തുണ്ടായ അടച്ചിടലിനിടയിലാണ് യുവാവ് ഓൺലൈൻ റമ്മിയിൽ അകപ്പെട്ടത്. കളിമൂലമുണ്ടായ കടങ്ങൾ പലപ്പോഴായി സഹോദരങ്ങളും ഭാര്യവീട്ടുകാരും ഇടപെട്ട് തീർത്തിരുന്നു.
കഴിഞ്ഞ പത്തുദിവസമായി ജോലിക്ക് പോകാതെ പനങ്ങാട്ടിരിയിലെ വീട്ടിൽ കഴിയുമ്പോൾ, പണം നഷ്ടപ്പെട്ടതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. ഞായറാഴ്ച പകൽ ഗിരീഷിനെ നാട്ടുകാർ വീടിനുപുറത്ത് കണ്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ വാതിലും മറ്റും അടച്ചിട്ടനിലയിൽ കണ്ടു. അടുക്കളഭാഗത്തുള്ള ജനലിലൂടെ നോക്കിയപ്പോഴാണ് ഗിരീഷിനെ തൂങ്ങിയനിലയിൽ കണ്ടത്.
മുമ്പും യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്‌കരിച്ചു. എസ്.ഐ. എസ്. സുധീറിനാണ് അന്വേഷണച്ചുമതല. അമ്മ: സരോജിനി. മക്കൾ: അവന്തിക (പനങ്ങാട്ടിരി സ്‌കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിനി), ആദിനാഥ്. സഹോദരങ്ങൾ: സുരേഷ്, രമേഷ് (ഗൾഫ്), ദിനേശ്, ഷീജ, പ്രീജ, രതി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.