കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിനായി കാത്തിരിക്കുമ്പോഴാണ് ഓരോ തടസങ്ങളുമായി നീണ്ടുപോയത്. ഇതിനിടെ വിവാഹം പറഞ്ഞുവച്ച അജീഷിന് അപകടവും സംഭവിച്ചു. വീടിന്റെ തറയിൽനിന്ന് 20 അടി താഴ്ചയിലേക്കുവീണാണ് വാഴയൂർ കാരാട്പറമ്പ് പൊക്കാനംകുഴി പുറായിൽ അജീഷി(39)ന് നട്ടെല്ലിന് പരിക്കേറ്റത്. ശേഷം കിടപ്പിലായി. ഇതോടെ വിവാഹം വേണ്ടെന്ന് വെക്കാമെന്ന ഉപദേശങ്ങൾ ബന്ധുമിത്രാതികളിൽ നിന്നും എത്തി.
എന്നാൽ, അതിലൊന്നും തലവെച്ചുകൊടുക്കാതെ ബിജില ഇറങ്ങി തന്റെ പ്രിയതമൻ കിടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ കട്ടിലിനരികിലേയ്ക്ക്. എല്ലാ എതിർപ്പുകളെയും മറികടന്നാണ് അവൾ അവനരികിലേയ്ക്ക് ഓടിയെത്തിയത്. പിന്നീട് അവന് താങ്ങും തണലും ആയത് അവൾ മാത്രമാണ്. ആ കരുതൽ നാല് വർഷം പിന്നിടുമ്പോഴും അതേ ശക്തിയിൽ തന്നെ നിൽക്കുകയാണ്. കിടപ്പിലായ അജീഷ് ഇന്ന് പതുക്കെ നടക്കാൻ തുടങ്ങിയിരിക്കുന്നു. മനക്കരുത്തായി ബിജിലയും ഒപ്പം തന്നെയുണ്ട്. അരൂർ നെല്ലിക്കുന്നുമ്മൽ പരേതരായ കണ്ണന്റെയും വിലാസിനിയുടെയും മകൾ ബിജിലയുമായി രണ്ടുവർഷംമുമ്പേ അജീഷിന്റെ കല്യാണമുറപ്പിച്ചിരുന്നു.
ബിജിലയുടെ അമ്മയുടെയും അജീഷിന്റെ ബന്ധുവിന്റെയും മരണത്തെത്തുടർന്ന് വിവാഹം നീണ്ടുപോയി. പിന്നാലെയാണ് ദുരന്തം അജീഷിനെ പിടികൂടിയത്. കോവിഡ് കാലത്ത് 2020 ജൂൺ 10-നായിരുന്നു അപകടം. കോവിഡ് പ്രതിസന്ധി കാരണം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അജീഷിനെ പ്രവേശിപ്പിച്ചത്. ബിജിലയുടെ പരിചരണത്തിൽ ചികിത്സയും ഫിസിയോതെറാപ്പിയും ഫലംകാണാൻ തുടങ്ങി.
കഴുത്തിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട അജീഷ് കൈകൾ പതിയെ ചലിപ്പിക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഇന്ന്. ഇപ്പോൾ വാക്കറിന്റെ സഹായത്തോടെ നടക്കാം. നിശ്ചയം കഴിഞ്ഞ് നാലര വർഷത്തിനുശേഷം ഈ ജനുവരി 27-ന് വാഴയൂർ ഇരുന്നമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിൽവെച്ച് അജീഷും ബിജിലയും വിവാഹിതരായി. പഴയപടി നടക്കാനും ജീവിതം തിരിച്ചുപിടിക്കാനുമാകുമെന്ന് അജീഷിന് ഇപ്പോൾ ഉറച്ചവിശ്വാസമുണ്ട്. അവളുടെ പിന്തുണയും സ്‌നേഹവും കരുതലുമാണ് അജീഷിന് ബലവും.