കുന്ദംകുളം: തേഞ്ഞ് പൊട്ടാറായ ടയറുമായി വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തിയ സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്. അക്കിക്കാവ് ടിഎംവിഎച്ച്എസ് സ്‌കൂള്‍ ബസിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ പൊട്ടിയത്. 45 ഓളം വിദ്യാര്‍ത്ഥികളുമായി പോകവെയാണ് അപകടം നടന്നത്. തേഞ്ഞ് കമ്പി പുറത്തു കണ്ട ടയറുമായാണ് ബസ് സര്‍വ്വീസ് നടത്തിയിരുന്നതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളുമായി പോയ ബസിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ സജിന്‍ വികെയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് സംഘം സ്‌കൂളിലെത്തി ബസ് പരിശോധിച്ചു. പരിശോധനയില്‍ ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതുള്‍പ്പടെയുള്ള ക്രമക്കേട് കണ്ടെത്തി. ഇതിന് പിന്നാലെ സ്‌കൂള്‍ ബസ്സിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുകയും ചെയ്തു.