ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടമായത് മൂന്നര ലക്ഷത്തോളം രൂപ; മനംനൊന്ത് പാലക്കാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി

പാലക്കാട്: വീണ്ടും സംസ്ഥാനത്ത് ജീവനെടുത്ത് ഓണ്‍ലൈന്‍ റമ്മി. ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ പാലക്കാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്.

ഇയാള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ജീവനൊടുക്കിയത്. തൃശ്ശൂരിലെ കോളേജില്‍ ലാബ് ടെക്നീഷ്യനായിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പണം കണ്ടെത്താനായി സ്വര്‍ണാഭരണങ്ങള്‍ ഗിരീഷ് വിറ്റിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റു കുടുംബപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version