കരുവാരക്കുണ്ട്: വെള്ളച്ചാട്ടത്തില്‍ വീണ് അവശനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വഴിയില്ലാതെ സുഹൃത്തുക്കള്‍ അലമുറയിട്ട് കരയുന്നത് കേട്ടെത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ രക്ഷകനായി. അവശനായ യുവാവിനെ അന്‍പതടിയിലേറെയുള്ള കുത്തനെയുള്ള പാറക്കെട്ടിലൂടെ ചുമന്ന് പുറത്തെത്തിച്ചാണ് ഫസലുദ്ദീന്‍ എന്ന യുവാവ് രക്ഷകനായത്.
നിലമ്പൂരിനടുത്ത് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനായ വിനോദസഞ്ചാരിയായ തമിഴ്നാട് സ്വദേശി വിജേഷിനെയാണ് കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കല്‍ ഫസലുദ്ദീന്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ രക്ഷിച്ചത്.
തിങ്കളാഴ്ചയാണ് വിജേഷ് ഉള്‍പ്പെട്ട തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തവെള്ളച്ചാട്ടത്തിലിറങ്ങിയത്. നീന്തലറിയാത്ത വിജേഷ് ഉച്ചയോടെ ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങുകയായിരുന്നു. തെന്നിനീങ്ങി പതിയെ ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴ്ന്നു പോയി. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും അതീവ അവശനായ വിജേഷിനെ താങ്ങിപ്പിടിച്ച് കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല.
ആരോഗ്യനില വഷളായ വിജേഷിനെ രക്ഷിക്കാന്‍ ഒരു വഴിയും കാണാതെ സുഹൃത്തുക്കള്‍ കരഞ്ഞ് നിലവിളിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും മുകളിലേക്ക് കയറ്റാന്‍ സാധിച്ചില്ല.
ഇതിനിടയിലാണ് നജാത്തിലെ ബസ് ഡ്രൈവര്‍ ഫസലുദ്ദീന്‍ മുന്നോട്ടുവന്നത്. യുവാവിനെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറാന്‍ തനിക്കാകുമെന്ന് ഫസലുദ്ദീന്‍ പറഞ്ഞു.
എന്നാല്‍ അത് അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമയം പാഴാക്കാനില്ലാത്തതിനാല്‍ ഫസലുദ്ദീന്‍ തന്നെ കയര്‍ കെട്ടി പാറക്കെട്ടിലൂടെ താഴേക്കിറങ്ങി. ക്ഷീണിതനായ വിജേഷിനെ ചുമലില്‍ കയറ്റി കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറില്‍ തൂങ്ങി തന്നെ മുകളിലെത്തിക്കുകയായിരുന്നു. പിന്നീട് അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.