മൂന്നിയൂർ: ഭിന്നശേഷിക്കാരനായ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഇനി ക്ലാസിലിരുന്ന് പഠിക്കാം. വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണ് കളിയാട്ടമുക്ക് സ്വദേശി വെമ്പാല മുഹമ്മദ് സാലിമിന് ക്ലാസിലിരുന്ന് പഠിക്കാൻ വഴിയൊരുങ്ങിയത്. സ്‌കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലെ ക്ലാസ്മുറിയിലേക്കെത്താനുള്ള പ്രയാസം പരിഹരിക്കണമെന്നായിരുന്നു കുട്ടിയുടെ കുടുംബം മുൻപോട്ട് വെച്ച ആവശ്യം.
താഴത്തെ നിലയിൽ ക്ലാസ്മുറിയൊരുക്കി സൗകര്യം ചെയ്തുകൊടുക്കണമെന്ന് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് സാലിമിന്റെ മാതാവ് ആരിഫ ആരോപിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് സാലിം.
മൂന്നാം നിലയിലെത്താനുള്ള പ്രയാസം കാരണം ക്ലാസ്മുറിയിൽ എത്തിയുള്ള പഠനം മുടങ്ങുകയും ചെയ്തു. ഈ സങ്കടത്തിനാണ് മന്ത്രിയുടെ ഇടപെടലിൽ പരിഹാരമായത്. വിഷയം അന്വേഷിച്ച് പരിഹാരമുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തിങ്കളാഴ്ച നിർദേശം നൽകി. മകന്റെ പ്രയാസം പരിഹരിക്കാൻ നടപടിയുണ്ടാകുന്നതിൽ സന്തോഷമുണ്ടെന്ന് മാതാവ് ആരിഫ പ്രതികരിച്ചു.