തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി നിര്‍ദേശിച്ചത് പ്രകാരമാണ് വീണ ജോര്‍ജ് ആശുപത്രിയിലെത്തി അസുഖ വിവരങ്ങള്‍ തിരക്കിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിലെത്തി വീണ ജോര്‍ജ് ഉമ്മന്‍ ചാണ്ടിയെയും കുടുംബാംഗങ്ങളെയും കണ്ടത്. പിന്നീട് മന്ത്രി തന്നെയാണ് മുഖ്യ മന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്റെ സന്ദര്‍ശനമെന്ന് വ്യക്തമാക്കിയത്.
ഉമ്മന്‍ ചാണ്ടിയുടെ മകനുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ സന്ദര്‍ശനത്തിനുള്ള നിര്‍ദേശമെന്നും വീണ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന്റെ മകളെ നേരിട്ട് കണ്ട സംസാരിച്ചിട്ടുണ്ട്.
കൂടാതെ, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരെയും കണ്ടിട്ടുണ്ട്. ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരുന്നതെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
പനിയും ചുമയേയും തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയാണെന്ന സംശയവുമുണ്ട്. തുടര്‍ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് പനി പിടിപെട്ട് നെയ്യാറ്റിനകരയില്‍ ചികിത്സയില്‍ കഴിയുന്നത്.