കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ മകനടക്കമുള്ള ഉറ്റബന്ധുക്കള്‍ നല്‍കുന്നില്ലെന്ന ആരോപണം ആവര്‍ത്തിക്കുന്ന കത്തുമായി അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിക്ക് ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ബംഗളൂരുവില്‍ തുടര്‍ ചികിത്സ നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും ബംഗളൂരുവില്‍ എത്തിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നാണ് സഹോദരന് അലക്സ് വി ചാണ്ടിയും ബന്ധുക്കളും കത്തില്‍ പറയുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. മുന്‍ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് ഈ കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും നല്‍കിയിട്ടുണ്ട്.
അതേസമയം, തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇത്തരം പ്രചാരണം നിര്‍ത്തണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെയും വ്യക്തമാക്കിയിരുന്നു.
Discussion about this post