മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതിനാല്‍ മലപ്പുറം കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി.
കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുകയാണ്.
പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബില്‍ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
Discussion about this post