കൊച്ചി: സോഷ്യല്‍ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കുന്നുണ്ട്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് വേണ്ടതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. മനഃപൂര്‍വ്വമായി ദ്രോഹിക്കരുതെന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘സോഷ്യല്‍ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കാറുണ്ട്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ ഒരു സുഖം ഉണ്ടാകും. ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് വേണ്ടത്.
എല്ലാവര്‍ക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പറയുന്ന ഭാഷയ്ക്ക് ഒരു ഭംഗി ഉണ്ടായാല്‍ മറ്റുള്ളവരെ വേദനിപ്പിക്കില്ല. മനഃപൂര്‍വ്വമായിട്ട് ദ്രോഹിക്കരുത് എന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകര്‍ക്കാന്‍ ശ്രമിക്കരുത്’ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
‘പണ്ടും സോഷ്യല്‍ മീഡിയ ഉണ്ട്. ഞങ്ങള്‍ സിനിമ തുടങ്ങുന്ന കാലത്തും അതിന് മുമ്പും എല്ലാം. പക്ഷേ അതെല്ലാം ചായക്കടകളുടെയും കലുങ്കുകളുടെയും മുകളില്‍ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരക്കുന്നു. അന്ന് ചായക്കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ കിട്ടുന്നത് ഒരു ചായയാണ്.
ഇന്നതല്ല. പലര്‍ക്കും സോഷ്യല്‍ മീഡിയ ജീവിത മാര്‍ഗമാണ്. എല്ലാ മനുഷ്യര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്താല്‍ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്’, എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ‘കൊറോണ പേപ്പേഴ്‌സ്’ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രം. ഷെയ്ന്‍ നിഗം പ്രിയദര്‍ശന്റെ ചിത്രത്തിന്റെ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. ഗായത്രി ശങ്കര്‍ ആണ് നായിക.