കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തി. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെയെന്നും സ്ഥിരീകരിച്ചു.
അതേസമയം, തൃപ്പൂണിത്തുറ സ്വദേശികളുടെ കൈയ്യില്‍ കുട്ടി എങ്ങനെയെത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പോലീസും സിഡബ്ല്യൂസിയും അന്വേഷണം ഊര്‍ജ്ജിതമാക്കി.പൊലീസും സിഡബ്ല്യൂസിയും രണ്ടു വഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയത്. ഇരു വിഭാഗവും മാതാപിതാക്കളെ ചോദ്യം ചെയ്യും. കുട്ടി എങ്ങനെ തൃപ്പൂണിത്തുറ ദമ്പതികളുടെ കൈവശം എത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്.
2022 ആഗസ്റ്റ് 22നാണ് കുട്ടി ജനിച്ചതെന്നാണ് ആശുപത്രി രേഖകള്‍. പിന്നീട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി തിയതി മാറ്റിയെന്നാണ് കണ്ടെത്തല്‍. ദത്തെടുക്കല്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് സിഡബ്ല്യുസി വ്യക്തമാക്കുന്നു. സംഭത്തില്‍ വിശദമായ അന്വേഷണത്തിനാണ് സിഡബ്ല്യുസി ഉത്തരവിട്ടിരിക്കുന്നത്.
കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍കുമാര്‍ തന്നെ സമീപിച്ച് ജനന സര്‍ട്ടിഫിക്കറ്റിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയുള്ളത്. തൃപ്പൂണിത്തുറ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. എന്നാല്‍ ഇങ്ങനെയൊരു പ്രസവം ആശുപത്രിയില്‍ നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.