കണ്ണൂര്‍: തിങ്കളാഴ്ച വൈകിട്ട് പയ്യാമ്പലം ശ്മശാനത്തില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയ്ക്കും ബീച്ചില്‍ പയ്യാമ്പലത്ത് ചിതയൊരുക്കി അന്ത്യവിശ്രമം. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യ്ക്കാണ് പയ്യാമ്പലത്ത് നിത്യനിദ്ര.
മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു.
പക്ഷേ, പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രമാകുകയാണ്, ഒപ്പം ലൈസാമയുടെ പേരും.
Read Also: ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ്: ആ തൃശ്ശൂരുകാരി ഇനി ഡോക്ടര്‍
കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ”അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്. അഗ്നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണം കൊടുത്ത് മൃതദേഹം സംസ്കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല.
എന്നാലും മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിവെട്ടാന് ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും തന്നുവെന്നതാണ്. വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും”.
Discussion about this post