ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ്: ആ തൃശ്ശൂരുകാരി ഇനി ഡോക്ടര്‍

തൃശ്ശൂര്‍: ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായ തൃശ്ശൂരുകാരി ഇനി ഡോക്ടര്‍.
മൂന്നു വര്‍ഷം മുന്‍പ് പേരുപോലുമില്ലാതിരുന്ന വൈറസ് വില്ലനെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായിരുന്നു.
വില്ലന്‍ വൈറസിന് മുന്നില്‍ അവള്‍ ചുമച്ചു, പനിച്ചു തളര്‍ന്നു. ഇന്ന് അവളുടെ അതിജീവനം ഡോക്ടര്‍ കുപ്പായമണിഞ്ഞ് എത്തിനില്‍ക്കുന്നു.

ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി ചൈനയില്‍നിന്നു മെഡിക്കല്‍ ബിരുദം നേടി. ഇന്ത്യയില്‍ പ്രാക്ടിസിനുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് തുല്യതാ പരീക്ഷയും പാസായി. ഇനിയും പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അവള്‍, ഹൗസ് സര്‍ജന്‍സി കൂടി കഴിഞ്ഞാല്‍ പ്രചോദനം പകരുന്ന അതിജീവനത്തിന്റെ ആള്‍രൂപമാകും.

2020 ജനുവരി 30നാണ് ചൈനയിലെ വുഹാനില്‍ മെഡിസിനു പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിക്കു തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസായിരുന്നു.

കോവിഡ് സുഖപ്പെട്ടശേഷവും അവള്‍ നേരിട്ട വെല്ലുവിളികള്‍ ചില്ലറയല്ല. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ചൈനയിലേക്ക് തിരികെപ്പോകാനാകാതെ, നേരിട്ടുള്ള പഠനം മുടങ്ങി. ഓണ്‍ലൈന്‍ ക്ലാസ് വഴിയാണ് പഠനം പൂര്‍ത്തിയാക്കിയത്. 2 ക്യാമറകള്‍ക്കു മുന്നിലിരുന്ന് ഓണ്‍ലൈനായി പരീക്ഷകളെഴുതി. അതിനിടെ വീണ്ടും കോവിഡ് പിടികൂടി. ഇപ്പോള്‍, എല്ലാ പരീക്ഷകളും അതിജീവിച്ച് കഴുത്തില്‍ സ്റ്റെതസ്‌കോപ്പുമായി
‘ഡോ. അവള്‍’വരുകയാണ്.

Exit mobile version